"സാധാരണകാരനായ ഒരു പൗരനാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയിരുന്നെങ്കിൽ എന്തുചെയ്യും? ആ സാഹചര്യത്തിലും ക്രിമിനൽ കേസ് തള്ളിക്കളയുമോ?" കേസ് വിചാരണയ്ക്കായി എടുത്തപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. 

ദില്ലി: പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ പുതിയ കാര്യമല്ല. കര്‍ഷകരുടേത് അടക്കം നിരവധി സമരങ്ങള്‍ക്ക് ഇന്നും രാജ്യതലസ്ഥാനമായ ദില്ലി വേദിയാണ്. ഇതിനിടെയാണ് 2022 ല്‍ കര്‍ണാടകയില്‍ നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്‍റെ കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. കേസില്‍ വാദം കേള്‍ക്കവെ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ നിയമ സാധുതയെ കുറിച്ച് സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറെ ശ്രദ്ധേയമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട കേസിനിടെയായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം.

"സാധാരണകാരനായ ഒരു പൗരനാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയിരുന്നെങ്കിൽ എന്തുചെയ്യും? ആ സാഹചര്യത്തിലും ക്രിമിനൽ കേസ് തള്ളിക്കളയുമോ?" കേസ് വിചാരണയ്ക്കായി എടുത്തപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. 2022ൽ അന്നത്തെ ബിജെപി മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ, ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസിനിടെയായിരുന്നു ജസ്റ്റിസ് പ്രശാന്ത് കുമാറിന്‍റെ ചോദ്യം. പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി അറിയിച്ചു. 

2022 ല്‍ സംസ്ഥാനത്ത് നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസായിരുന്നു കോടതിക്ക് മുന്നില്‍. സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെ തുടർന്ന് മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി പാര്‍ട്ടി അംഗവും കരാറുകാരനുമായ സന്തോഷ് പാട്ടീലിനെ 2022 ഏപ്രിൽ 12 ന് ഉഡുപ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ നല്‍കിയ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇതിനിടെ കര്‍ണ്ണാടക മുഖ്യമന്ത്രിക്കും മറ്റ് നേതാക്കൾക്കുമെതിരായ നടപടികൾ സ്റ്റേ ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ ഈ കേസില്‍ കര്‍ണ്ണാടക ഹൈക്കോടതി മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും 10,000 രൂപ പിഴ വിധിച്ചിരുന്നു. കേസില്‍ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കർണാടക കോണ്‍ഗ്രസ് സർക്കാരിനും കേസിലെ പരാതിക്കാരനും നോട്ടീസ് അയച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം ഇന്നും ദില്ലി അതിര്‍ത്തികളില്‍ മാന്യമായ 'തറവില' അടക്കമുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയും കേന്ദ്രസര്‍ക്കാറിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധത്തിലാണ് രാജ്യത്തെ കര്‍ഷകര്‍. എന്നാല്‍, തലസ്ഥാനത്തേക്ക് സമരത്തിനായി ട്രാക്ടറുകളിലെത്തുന്ന കര്‍ഷകര്‍ക്ക് നേരെ ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ണീര്‍ വാതക പ്രയോഗം നടത്തിയും വെടിവെപ്പ് നടത്തിയ ഹരിയാന സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നേരിടുന്നതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം