Asianet News MalayalamAsianet News Malayalam

'കുതിരക്കച്ചവടത്തിന് സൗകര്യം ഒരുക്കണമെന്നാണോ'; മധ്യപ്രദേശ് പ്രതിസന്ധിയിൽ കടുപ്പിച്ച് സുപ്രീംകോടതി

വിശ്വാസവോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ച സമയം വേണമെന്ന കോൺഗ്രസ് ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവടം നടക്കാനുള്ള സാധ്യത വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

supreme court reaction to madhyapradesh row weeks are equal to gold mine horsetrade
Author
Madhya Pradesh, First Published Mar 19, 2020, 4:55 PM IST

ദില്ലി: മധ്യപ്രദേശിലെ ഭരണപ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതിചൂണ്ടിക്കാട്ടി. വിശ്വാസവോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ച സമയം വേണമെന്ന കോൺഗ്രസ് ആവശ്യം കോടതി തള്ളി. ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവടം നടക്കാനുള്ള സാധ്യത വർധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

"നിയമസഭ നിർത്തിവെക്കുകയും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്താൽ എന്താണ് സംഭവിക്കേണ്ടത്? ഗവർണർക്ക് നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലേ?അതിന് അനുവദിക്കുന്നില്ല എങ്കിൽ ന്യൂനപക്ഷമുള്ള സർക്കാർ തുടരുകയാണെന്നു വേണ്ടേ മനസ്സിലാക്കാൻ?" എന്നാണ് എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജി പരിഗണിക്കവേ കോടതി ചോദിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ടൻ സ്പീക്കറോട് പറഞ്ഞതിനെ കോൺഗ്രസ് നിഷേധിക്കുകയായിരുന്നു.

22 ഭരണപക്ഷ എംഎൽഎമാരാണ് കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ രാജി വച്ചത്. ഇവരിൽ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കർ എൻ പി പ്രജാപതി അംഗീകരിച്ചത്. ബാക്കിയുള്ളവർ ഒറ്റയ്‌ക്കൊറ്റയ്ക്ക് സ്പീക്കറെ നേരിട്ട് കാണണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇത് എംഎൽഎമാർ നിരസിച്ചു. മതിയായ സുരക്ഷയില്ലാതെ ഭോപ്പാലിലേക്ക് തിരികെയെത്തില്ലെന്നാണ് വിമത എംഎൽഎമാരുടെ നിലപാട്. അങ്ങനെ വന്നാൽ കോൺഗ്രസ് തങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നും രാജി പിൻവലിക്കാൻ നിർബന്ധിക്കുമെന്നും എംഎൽഎമാർ പറയുന്നു.

ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സ്പീക്കർക്ക് എംഎൽഎമാരോട് സംസാരിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ഇന്ന് ചോദിച്ചു. ഇത് നിരീക്ഷിക്കാൻ കോടതി ഒരാളെ നിയോഗിക്കാമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. എന്നാൽ, രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നായിരുന്നു സ്പീക്കറുടെ മറുപടി.

തീരുമാനമെടുക്കാൻ രണ്ടാഴ്ച അനുവദിക്കണം. അതിനുള്ളിൽ വിമത എംഎൽഎമാർ മധ്യപ്രദേശിലേക്ക് തിരിച്ചെത്തും. കുടുംബത്തിൽ നിന്ന് അകന്ന് തീർത്തും അപരിചിതമായ പരിതസ്ഥിതിയിലാണ് ഇപ്പോൾ അവർ കഴിയുന്നത്. അതുകൊണ്ട് തന്നെ വീഡിയോ കോൺഫറൻസിംഗ് എന്ന ആശയം പ്രായോഗികമാകില്ല. സ്പീക്കർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു.

ആഴ്ചകൾ കുതിരക്കച്ചവടത്തിനുള്ള സ്വർണഖനികളാണ് എന്നായിരുന്നു ഇതിനോടുള്ള ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രതികരണം. സമയം വൈകുന്തോറും കുതിരക്കച്ചവടത്തിനുള്ള സാധ്യതയും വർധിക്കും. അതുകൊണ്ടാണ് എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടുന്നത്. എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തി കുതിരക്കച്ചവടത്തിനുള്ള സാധ്യത ഇല്ലാതാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണക്കുന്ന എംഎൽഎമാരാണ് കമൽനാഥ് സർക്കാരിനെ തുലാസിലാക്കി രാജി പ്രഖ്യാപിച്ചത്. ബിജെപി ഭരണത്തിലുള്ള കർണാടകയിലാണ് 16 വിമത എംഎൽഎമാകെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ആറു പേരുടെ രാജി സ്പീക്കർ അംഗീകരിച്ച സാഹചര്യത്തിൽ വിമതരുൾപ്പടെ 108 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് മധ്യപ്രദേശിൽ 107 സീറ്റുകളാണുള്ളത്. 222 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനവശ്യമായത് 112 എംഎൽഎമാരുടെ പിന്തുണയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios