രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി, സുപ്രീം കോടതി തള്ളി
ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ മറ്റാരെങ്കിലും ഇസ്ലാം മതത്തിനെയും, ക്രിസ്തു മതത്തിനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും എന്നും കോടതി ചൂണ്ടിക്കാട്ടി

ദില്ലി: രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഈ ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ നാളെ മറ്റാരെങ്കിലും ഇസ്ലാം മതത്തിനെയും, ക്രിസ്തു മതത്തിനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും എന്നും ഹർജി തള്ളി കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. ദൗദ്രാജ് സിംഗ് എന്ന വ്യക്തി നൽകിയ പൊതു താത്പര്യ ഹർജിയാണ് കോടതി തള്ളിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത കോടതി വാദത്തിനിടെ മൈ ലോര്‍ഡ് എന്നും യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു എന്നതാണ്. സുപ്രീം കോടതി ജഡ്ജി പി എസ് നരസിംഹയാണ് കഴിഞ്ഞ ദിവസം ഒരു കേസിൽ വാദം കേൾക്കുന്നിതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകനോട് അതൃപ്തി പ്രകടിപ്പിച്ചത്. എത്ര പ്രാവശ്യം മൈ ലോര്‍ഡ് എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു. മൈ ലോര്‍ഡിന് പകരം സര്‍ എന്ന് എന്തുകൊണ്ട് ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഒഡീഷ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധറും സമാന ആവശ്യമുന്നയിച്ചിരുന്നു. തന്നെ അഭിസംബോധന ചെയ്യുന്ന സമയത്ത് മൈ ലോർഡ്, ഓണറബിൾ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 2009 ൽ ദില്ലി ഹൈക്കോടതി അഭിഭാഷകരോടും 2020 ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകരോടും മുരളീധർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. 2006 ൽ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോർഡ് എന്നോ യുവർ ലോർഡ്ഷിപ് എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായി നടപ്പാക്കാനായിട്ടില്ല.