ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. 

ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നി‍ർഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.