ദില്ലി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്‍റെ  പ്രായം കണക്കാക്കിയതത് ജനന സർട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന  സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

ദില്ലി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും  അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകൾ ദില്ലി പോലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു.  

പുന: പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവേ ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ  കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു.