Asianet News MalayalamAsianet News Malayalam

സഹകരണ സ്ഥാപന നടത്തിപ്പ്; ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദാക്കി

ജസ്റ്റിസ് കെ എം ജോസഫ്  97 ാം ഭേദഗതി അപ്പാടെ റദ്ദാക്കി ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രത്തിന്‍റെ അപ്പീല്‍ തള്ളി. 

supreme court repeal constitutional amendment on cooperative institutes working
Author
Delhi, First Published Jul 20, 2021, 4:38 PM IST

ദില്ലി: സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 97-ാം ഭരണഘടന ഭേദഗതിയിലെ 9-ബി വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കി. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, നിയമനം, ഓഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചുള്ള വ്യവസ്ഥകളാണ് 97 ഭേദഗതിയിലൂടെ കൊണ്ടുവന്നത്. 
സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോൾ ഭരണഘടനയുടെ 368 (2) പ്രകാരം 50 ശതമാനം സംസ്ഥാന നിയമസഭകളുടെ അംഗീകാരം ഉറപ്പാക്കണം. അതിന് സാധിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി 9-ബി വ്യവസ്ഥകൾ അസാധുവാക്കിയിരുന്നു. അതാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി ശരിവെച്ചത്. 

മൂന്നംഗ ബെഞ്ചിൽ ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ, ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവര്‍ 9-ബി വ്യവസ്ഥകൾ മാത്രം റദ്ദാക്കിയപ്പോൾ, ബെഞ്ചിലെ മൂന്നാമത്തെ അംഗം ജസ്റ്റിസ് കെഎം ജോസഫ് ന്യൂനപക്ഷ വിധിയിലൂടെ ഭരണഘടന ഭേദഗതി തന്നെ റദ്ദാക്കി. 2011ലാണ്  97-ാം ഭേദഗതി കൊണ്ടുവന്നത്. ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കടന്നുകയറാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് തന്നെയാണ് ഇന്നത്തെ വിധിയിലൂടെ സുപ്രീംകോടതി നൽകുന്നത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചത് വലിയ ചര്‍ച്ചയാകുമ്പോൾ കൂടിയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios