Asianet News MalayalamAsianet News Malayalam

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; വിദേശിയായത് കൊണ്ട് മാത്രം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് കോടതി

വിദേശിയായത് കൊണ്ട് മാത്രം മിഷേലിന് ജാമ്യം നിഷേധിക്കാനാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞത്. 

Supreme Court said that one s personal liberty cannot be deprived just because he is foreigner on Agusta Westland Helicopter deal
Author
First Published Dec 6, 2022, 3:56 PM IST


ദില്ലി:  വിദേശിയായത് കൊണ്ട് മാത്രം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. സിബിഐ, ഇഡി എന്നീ അന്വേഷണങ്ങള്‍ നേരിടുന്ന മിഷേലിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ക്രിസ്റ്റിയന്‍ മിഷേല്‍ സുപ്രീംകോടതിയെ സമീപിച്ചത്.     

വിദേശിയായത് കൊണ്ട് മാത്രം മിഷേലിന് ജാമ്യം നിഷേധിക്കാനാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞത്. വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനായി ഒരു കുറിപ്പ് തയാറാക്കി നല്‍കാനും അഭിഭാഷകരോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും ജനുവരി രണ്ടാം വാരം പരിഗണിക്കുന്നതിനായി മാറ്റി. കേസില്‍ പരമാവധി ശിക്ഷാ കാലവധി അഞ്ച് വര്‍ഷം ആയിരിക്കേ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇതിനോടകം നാല് വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

ക്രിസ്റ്റിയന്‍ മിഷേലിനെ 2018 -ലാണ് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയിട്ട് തന്നെ ഒന്‍പത് വര്‍ഷം പിന്നിട്ടു. സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്റ്റ്യന്‍ മിഷേല്‍ ഇതിനോടകം നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും സാധാരണയായി ഇത്തരം കേസില്‍ ഒരു ഇന്ത്യന്‍ പൗരന് ജാമ്യം ലഭിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിദേശിയായത് കൊണ്ട് മാത്രം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. ഉപാധികളോടെ ആണെങ്കിലും ജാമ്യം നല്‍കാവുന്നതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകരായ അൽജോ ജോസഫ്, എം എസ് വിഷ്ണു ശങ്കർ, ശ്രീറാം പ്രക്കാട്ട് എന്നിവര്‍ ക്രിസ്റ്റിയൻ മിഷേലിനായി ഹാജരായി. 

Follow Us:
Download App:
  • android
  • ios