ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും, കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദില്ലി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി രാഷ്ട്രീയ പാര്‍ടികൾ ഇനിയും സംഭാവനകൾ പിരിക്കാം. അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്ത
ലത്തിൽ പുതിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മുൻ നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് ബോണ്ടുകളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അനുകൂലിച്ചു.
തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി രാഷ്ട്രീയ പാര്‍ടികൾ സംഭാവന സ്വീകരിക്കുന്നത് സുതാര്യമല്ലെന്നും, കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ അഴിമതിക്ക് കാരണമാകുമെന്ന വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇതോടെ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നുമുതൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കാം.
2017 ലാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. വലിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും തീരുമാനം റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ആര്‍ക്കുവേണമെങ്കിലും രാഷ്ട്രീയ പാര്‍ടികൾക്ക് സംഭാവന നൽകാം. സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. നികുതിയും നൽകേണ്ട. ഇതുവരെ തെരഞ്ഞെുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും അധികം സംഭാവന കിട്ടിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. 2017 മുതൽ 2019 വര്‍ഷത്തിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികൾക്കുമായി 2760 കോടി രൂപ കിട്ടിയപ്പോൾ അതിൽ 1660 കോടിയും എത്തിയത് ബിജെപിയിലേക്കായിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ടുകൾ സൂതാര്യമല്ലെന്ന നിലപാടായിരുന്നു ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാൽ ഇപ്പോൾ നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ അനുകൂലിച്ചു. സുപ്രീംകോടതി അനുമതി കിട്ടിയതോടെ ഏപ്രിൽ ഒന്നുമുതൽ സ്റ്റേറ്റ് ബാങ്ക് വഴിയായിരിക്കും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പന.
