ദില്ലിയിൽ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ദില്ലിയിൽ മാത്രമായോ എൻസിആറിലാകെയോ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ദില്ലി: ദില്ലിയിൽ വായു മലിനീകരണം നിയന്ത്രിക്കാൻ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ദില്ലിയിൽ മാത്രമായോ എൻസിആറിലാകെയോ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കും. മലിനീകരണം സൃഷ്ടിക്കുന്ന വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു.
അത്യാവശ്യ സാധനങ്ങൾ അതിർത്തിയിലെ ഗോഡൗണുകളിൽ ഇറക്കി ചെറിയ ബാറ്ററി വാഹനങ്ങളിൽ നഗരത്തിലെത്തിക്കാമെന്നാണ് നിർദേശം. അഞ്ചുവർഷത്തിനുള്ളിൽ ഇത്തരമൊരു സംവിധാനം നടപ്പാക്കാനാകുമോ എന്നും കോടതി ആരാഞ്ഞു. മലിനീകരണം കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് സർക്കാരുകൾക്കും നിർദേശം നൽകി.
















