താണ്ഡവ്  വെബ് സീരീസിനെതിരായ പരാതിയെ തുടര്‍ന്ന് ആമസോണ് പ്രൈം ഒറിജിനല്‍ കണ്ടന്റ് മേധാവി അപര്‍ണ പുരോഹിതിന്റെ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അപര്‍ണയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.

ദില്ലി: സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മൂര്‍ച്ചയില്ലെന്ന് സുപ്രീം കോടതി. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷന്‍ നേതൃത്വം നല്‍കിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

താണ്ഡവ് വെബ് സീരീസിനെതിരായ പരാതിയെ തുടര്‍ന്ന് ആമസോണ് പ്രൈം ഒറിജിനല്‍ കണ്ടന്റ് മേധാവി അപര്‍ണ പുരോഹിതിന്റെ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അപര്‍ണയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. അപര്‍ണയോട് അന്വേഷണത്തില്‍ സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയമനിര്‍മാണം തടത്താതെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനും ഒടിടി നിയന്ത്രിക്കാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സോഷ്യല്‍മീഡിയയിലെ നിയന്ത്രണങ്ങള്‍ കേവലം മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. കേന്ദ്ര നിയമത്തിനനുസരിച്ച് മാത്രമേ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകൂവെന്നും നിയമത്തിന് മൂര്‍ച്ചയില്ലെന്നും വിചാരണക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ മതിയായ നടപടി സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

അശ്ലീല ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രദര്‍ശിപ്പിക്കാറില്ലെന്ന് അപര്‍ണ പുരോഹിത്തിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി അറിയിച്ചു. എന്നാല്‍ ഏറെക്കുറെ എല്ലാം പോണോഗ്രഫിയാണെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി.