ദില്ലി: മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരിട്ടെത്താനാകുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പദ്ധതിയെക്കുറിച്ച് അറിയാന്‍ മന്ത്രിയെ ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. 

വിഷയത്തില്‍ മന്ത്രിക്ക് നോട്ടീസല്ല അയയ്ക്കുന്നത് എന്നും കോടതി വ്യക്തമാക്കി. മന്ത്രിക്ക് നൂതനമായ ആശയങ്ങളാണുള്ളത്. കോടതിയിലെത്താനും ഞങ്ങളെ സഹായിക്കാനും അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, അദ്ദേഹം തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമായ സ്ഥാനത്താണുള്ളത്. ചീഫ് ജസ്റ്റിസ് പറഞ്ഞു. 

എന്നാല്‍, മന്ത്രി നേരിട്ട് ഹാജരായാല്‍ അത് തെറ്റായ സന്ദേശമാകുമെന്നായിരുന്നു സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണം. അപ്പോഴാണ്, കോടതി മന്ത്രിയെ വിളിച്ചുവരുത്തുകയല്ലെന്നും നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. 

പടക്കങ്ങളും വൈക്കോലുകളും കത്തിക്കുന്നതു മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ചില സമയത്തു മാത്രം സംഭവിക്കുന്നതാണ്. എന്നാല്‍,  വാഹനങ്ങളില്‍ നിന്നുള്ള പുക മൂലം ഉണ്ടാകുന്ന മലീനീകരണത്തിന്‍റെ കാര്യം അങ്ങനെയല്ല. അതിന്‍റെ അളവ് വളരെ കൂടുതലാണ്. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.