Asianet News MalayalamAsianet News Malayalam

ഓക്‌സിജന്‍ ലഭ്യത, വിതരണം; ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

പ്രതിസന്ധി  പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന്  വീഴ്ച പറ്റിയെന്ന  നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്‌സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്.  സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഇനി മുതല്‍  ദൗത്യ സംഘം കൂടി  വിലയിരുത്തും.
 

Supreme Court Task Force To Look Into Oxygen Distribution
Author
New Delhi, First Published May 8, 2021, 7:00 PM IST

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും  നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. 12 അംഗ ദൗത്യ സംഘത്തെയാണ്  നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്‌ക് ഫോഴ്‌സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്. 

പ്രതിസന്ധി  പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന്  വീഴ്ച പറ്റിയെന്ന  നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്‌സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്.  സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഇനി മുതല്‍  ദൗത്യ സംഘം കൂടി  വിലയിരുത്തും. ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറും. രോഗവ്യാപനം തീവ്രമാകുമ്പോള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍  അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു.

പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ മികച്ച ഫലപ്രാപ്തി തെളിയിച്ച മരുന്ന് എപ്പോള്‍ വിതരണത്തിന് സജ്ജമാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം  തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ  എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരമ്പോള്‍ രോഗവ്യാപനം തീവ്രമാക്കുന്ന വൈറസ് വകഭേദത്തിന്  വീണ്ടും ജനിതക മാറ്റം വന്നതായി ഗവേഷകര്‍ വ്യക്തമാക്കി.

മാതൃവകഭേദത്തേക്കള്‍ പ്രഹരശേഷിയും വ്യാപനതീവ്രതയുമുള്ള 3  ഉപവകഭേദങ്ങള്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. രോഗം ഭേദമായവരില്‍ മ്യൂക്കോര്‍ മൈക്കോസിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്രം അറിയിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തേയും കാഴ്ച ശക്തിയേയും ബാധിക്കാനിടയുള്ള ഫംഗല്‍ബാധ പ്രമേഹരോഗികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.

ഇതിനിടെ കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രം പുതുക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധന ഫലം ആവശ്യമില്ല. രോഗലക്ഷണങ്ങളുടെ തോതനുസരിച്ച് കൊവിഡ് കെയര്‍ സെന്റര്‍, ഡെഡിക്കേറ്റഡ് കൊവിഡ് സെന്റര്‍, കൊവിഡ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം.
 

Follow Us:
Download App:
  • android
  • ios