ക്രൈസ്തവ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയാണ് ഹര്‍ജിയില്‍ മറ്റ് മതങ്ങള്‍ക്കെതിരേ അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.

ദില്ലി:  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അപകീർത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവേ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറിനോട് അത്തരം പരാമര്‍ശങ്ങള്‍ രേഖകളില്‍ ഉള്‍പ്പെടരുതെന്ന് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, രവീന്ദ്രഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. ക്രൈസ്തവ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയാണ് ഹര്‍ജിയില്‍ മറ്റ് മതങ്ങള്‍ക്കെതിരേ അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല പരാതിക്കാരനായ അശ്വനി ഉപാധ്യായ്‌ക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസ് നിലവിലുണ്ടെന്നും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ചില മതങ്ങളില്‍പ്പെട്ടവര്‍ ബലാത്സംഗവും കൊലപാതകവും നടുത്തുന്നുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. മാത്രമല്ല അശ്വിനി ഉപാധ്യായ പരാതിക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അങ്കലാപ്പിലാക്കുന്ന കാര്യങ്ങളാണുള്ളത്. അതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മോശം പരാമര്‍ശങ്ങളെല്ലാം തന്നെ ഹര്‍ജിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. അരവിന്ദ് ദത്താര്‍ പ്രത്യേകം ശ്രദ്ധയെടുത്ത് ഇക്കാര്യം പരിശോധിക്കണമെന്നും മറ്റ് മതങ്ങള്‍ക്കെതിരേയുള്ള മോശം പരാര്‍ശങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ വീണ്ടും ജനുവരി ഒന്‍പതിന് വാദം കേള്‍ക്കും.