ദില്ലി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിലക്ഷ്യ കേസില്‍ സുപ്രീം കോടതി നടപടി ആരംഭിച്ചു. വ്യാഴാഴ്ച മൂന്നംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണം. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തിരുന്നു.  കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യ കേസിന് കാരണം.

പ്രശാന്ത് ഭൂഷന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട്  കോടതി അഭ്യര്‍ത്ഥിച്ചു. കോടതി അലക്ഷ്യ ഹര്‍ജി വന്നിട്ടും എന്തുകൊണ്ട് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് നീക്കം ചെയ്തില്ല എന്ന് ട്വിറ്ററിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ട്വിറ്ററിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ട്വിറ്ററിനെതിരെയും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുക. ലോക്ക്ഡൗണ്‍ കാരണം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കേസിന്റെ വാദം. 

'വരും കാലത്ത് ചരിത്രകാരന്മാര്‍ പിന്നിലോട്ട് തിരഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം അടിയന്തരാവസ്ഥയുടെ ആവശ്യകത പോലുമില്ലാതെ എങ്ങനെ ഇല്ലാതാക്കി എന്നതില്‍ സുപ്രീം കോടതിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബോധ്യമാകും. പ്രത്യേകിച്ച് നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക്;-എന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദപരമായ ട്വീറ്റ്. ലോക്ക്ഡൗണ്‍ കാലത്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയും പ്രശാന്ത് ഭൂഷന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.