ദില്ലി: ഐഎൻഎക്സ് മീഡിയ കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി പി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുക. 

സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സിബിഐ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.

മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ മുൻ ധനമന്ത്രി പി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനിടെ, ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.