ദില്ലി: പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി സുപ്രീംകോടതി പരി​ഗണിച്ചു. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

കശ്മീരിൽ മാധ്യമ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നുവെന്ന് അനുരാധ ബാസിൻ ഹർജിയിൽ ആരോപിച്ചു. ശ്രീനഗറിൽ മാത്രമാണ് മാധ്യമ പ്രവർത്തനം നടത്താൻ സാധിക്കുന്നത്. കശ്മീരിലെ ഭൂരിഭാഗം ലാൻഡ് ലൈനുകളും പ്രവർത്തിക്കുന്നില്ല. ദിനം പ്രതി മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കുറച്ച് വരികയാണെന്നും അവർ പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനത്തിനെതിരായ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. മിക്ക ഹർജികളിലും പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരി​ഗണിക്കുന്നത് മാറ്റിയത് കോടതി വ്യക്തമാക്കി. എന്താണ് ഈ ഹർജിയിൽ ഉള്ളതെന്നും അരമണിക്കൂറോളം വായിക്കാൻ ശ്രമിച്ചിട്ടും മനസിലാവുന്നില്ലെന്നും ഹർജി തള്ളാത്തത് മോശം സന്ദേശം പുറത്തു പോകും എന്നതിനാലാണെന്നും ചീഫ് ജസ്റ്റിസ് ഹർജി പരി​ഗണിക്കവെ പറഞ്ഞു.