മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട്‌ കോടതിയുടെ ചോദ്യം.

ദില്ലി: രാജ്യദ്രോഹക്കുറ്റത്തിൻ്റെ (sedition law) ഭരണഘടന സാധ്യത ( constitutional validity) ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജികൾ പരിഗണിക്കുക. 2021 ജൂലൈയിൽ ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാൽ വിമർശനങ്ങൾ ഉയർത്തിരുന്നു. ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വർഷത്തിലും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.

മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട്‌ കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ റിട്ടയേർഡ് കരസേന മേജർ ജനറൽ എസ് ജി വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കൽ. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ധരം സൻസദ് മതസമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുത്? ഉത്തരാഖണ്ഡ് സ‍ര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ദില്ലി: ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ നാളെ നടക്കുന്ന ധരം സൻസദ് മത സമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്ന് സുപ്രീംകോടതി സ‍ര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഉത്തരാഖണ്ഡിലെ റൂർക്കിയിലാണ് നാളെ ധരം സൻസദ് മത സമ്മേളനം നടക്കാനിരിക്കുന്നത്. മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടായാൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ഹരിദ്വാർ ധരം സൻസദിലും ഡൽഹി ധരം സൻസദിലും മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ നഗരങ്ങളിൽ ധരം സൻസദ് നടത്തുന്നത് തടയണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഇത്തരം വിദ്വേഷ പ്രസംഗങ്ങളും അക്രമ ആഹ്വാനങ്ങളും തടയാൻ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

"അവർ ഇത് രാജ്യത്തുടനീളം ആവര്‍ത്തിക്കുന്നു. ഇപ്പോൾ ഇത് ഉനയിലാണ് (ഹിമാചൽ പ്രദേശിൽ). ഇത് തടയാൻ ഞങ്ങൾ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും കത്തെഴുതി, അവർ ഒന്നും ചെയ്തില്ല," സിബൽ പറഞ്ഞു. എന്നാൽ വിദ്വേഷപ്രസംഗം തടയാൻ സംസ്ഥാനം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹിമാചൽ പ്രദേശിന്റെ അഭിഭാഷകൻ വാദിച്ചു.

വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പരമാവധി ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന സംസ്ഥാനത്തിന്റെ സബ്മിഷൻ സുപ്രീംകോടതി രേഖപ്പെടുത്തുകയും അത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.