നീറ്റ് പിജി കൗൺസിലിംഗ് കേസിൽ ഇന്ന് നിർണായകം. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ സുപ്രീംകോടതി ഉത്തരവിറക്കും.

ദില്ലി: നീറ്റ് പിജി കൗൺസിലിംഗ് കേസിൽ (NEET PG Counselling) ഇന്ന് നിർണായകം. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ സുപ്രീംകോടതി ഉത്തരവിറക്കും. അതേസമയം ഈ വർഷം മാറ്റങ്ങൾ നടപ്പാക്കാൻ ആകില്ലെന്നാണ് കേന്ദ്ര നിലപാട്.

മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്.

രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നീറ്റ് പിജി പ്രവേശനത്തിലെ മുന്നോക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. 

സംവരണത്തിനുളള വരുമാന പരിധി പുനഃപരിശോധിക്കുമെന്നാണ് നവംബര്‍ മാസത്തിൽ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിദഗ്ധ സമിതി ശുപാര്‍ശ അനുസരിച്ചാണ് ഈ തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എട്ട് ലക്ഷം വാര്‍ഷിക വരുമാന പരിധിയെ ന്യായീകരിക്കാനാണ് വിദഗ്ധ സമിതി ശ്രമിച്ചിരിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. കേന്ദ്രസ‍ർക്കാർ നിലപാട് വ്യക്തമാക്കിയതിനെ തുട‍ർന്ന് നീറ്റ് പിജി കൗണ്‍സിൽ സുപ്രീംകോടതി മാറ്റിവെക്കുകയായിരുന്നു.