Asianet News MalayalamAsianet News Malayalam

പെഗാസസ് കേസ് ഉത്തരവിനായി മാറ്റി; മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ്

ഒന്നും ഒളിക്കാനില്ലെന്നും സമിതിയില്‍ സര്‍ക്കാരുമായി ബന്ധമുള്ളവര്‍ ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ കേന്ദ്രനിലപാടിനോട് സുപ്രീംകോടതി വിയോജിച്ചു.

supreme court verdict on Pegasus within three days
Author
Delhi, First Published Sep 13, 2021, 1:51 PM IST

ദില്ലി: പെഗാസസ് നിരീക്ഷണത്തിൽ ഉത്തരവിലൂടെ ഇടപെടാൻ തീരുമാനിച്ച് സുപ്രീംകോടതി. രാജ്യതാല്‍പ്പര്യം മുൻനിറുത്തി വിവരങ്ങൾ നല്‍കാനാവില്ലെന്ന കേന്ദ്ര നിലപാട് തള്ളിയാണ് കോടതിയുടെ നീക്കം. നീരീക്ഷണത്തിന് എന്ത് സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നു എന്ന് ഭീകരരെ അറിയിക്കാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്രസർക്കാർ വ്യക്തമാക്കി.

പെഗാസസ് നിരീക്ഷണത്തിൽ നേരത്തെ നല്‍കിയ വിവരങ്ങൾക്ക് അപ്പുറത്ത് ഒന്നും പറയാനില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. പെഗാസസ് വാങ്ങിയോ എന്ന് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കാനാവില്ല. നിരീക്ഷണം സുരക്ഷയ്ക്ക് ആവശ്യമാണ്. എന്ത് സംവിധാനം ഉപയോഗിക്കുന്നു എന്ന് ഭീകരർ അറിയുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നും കേന്ദ്രം ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ചിനെ അറിയിച്ചു. 

കേന്ദ്രം നേരത്തെ പാർലമെന്‍റില്‍ വച്ച പ്രസ്താവന ചൂണ്ടിക്കാട്ട് ചീഫ് ജസ്റ്റിസ് ഈ വാദം ഖണ്ഡിച്ചു. അന്വേഷണം വേണം. പെഗാസസ് ആർക്കും ഉപയോഗിക്കാൻ ലഭ്യമാണ്. നിരീക്ഷണത്തിന് വ്യക്തമായ മാനദണ്ഡം നിലവിലുണ്ട്. ഈ മൂന്നു കാര്യങ്ങൾ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിൽ പരിശോധന വേണ്ടേയെന്ന് കോടതി ചോദിച്ചു. പെഗാസസ് ഉപയോഗിച്ചോ എന്നതല്ല പ്രധാന ചോദ്യമെന്നും കോടതി പറഞ്ഞു. 

കോടതിയെ വിവരങ്ങൾ അറിയിക്കില്ല എന്ന കേന്ദ്ര നിലപാട് അവിശ്വസനീയമെന്ന് ഹർജിക്കാർ വാദിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി വേണം എന്ന നിർദ്ദേശവും ഉയർന്നു. മൗലിക അവകാശ ലംഘനം നടന്നു എന്ന് പൗരൻമാർ പരാതിപ്പെടുമ്പോൾ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രണ്ടു ദിവസത്തിനകം ഇടക്കാല ഉത്തരവ് ഉണ്ടാകും. അതിനു മുമ്പ് നിലപാട് മാറിയാൽ അറിയിക്കാനും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.

കേന്ദ്രവുമായി ബന്ധമില്ലാത്തവരെ സമിതിയിൽ വയ്ക്കാം എന്ന കേന്ദ്ര നിർദ്ദേശവും കോടതി അംഗീകരിച്ചിട്ടില്ല. ആരോപണങ്ങളിൽ കോടതി അന്വേഷണം നി‍ർദ്ദേശിച്ചാൽ സോഫ്റ്റ് വെയർ ഏതൊക്ക ഏജൻസികൾ ഉപയോഗിച്ചു എന്നത് വെളിപ്പെടുത്തേണ്ടി വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios