സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മിന്നും ജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സ്പെഷ്യല്‍ കുല്‍ഫി പുറത്തിറക്കിയിരിക്കുകയാണ് സൂറത്തിലെ ഒരു ഐസ്ക്രീം പാര്‍ലര്‍. കടയുടമയായ വിവേക് അജ്മേറയാണ് മോദിയുടേയും ബിജെപിയുടേയും വിജയം പ്രമാണിച്ച് വേറിട്ടൊരു കുല്‍ഫി പുറത്തിറക്കിയതിന് പിന്നില്‍. 

കുല്‍ഫിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമാണ് എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. ഐസ്ക്രീം പാര്‍ലറിലെ ജീവനക്കാര്‍ ഒരു ദിവസം മുഴുവന്‍ കഷ്ടപ്പെട്ടാണ് ഇരുന്നൂറോളം കുല്‍ഫികള്‍ ഉണ്ടാക്കിയെടുത്തതെന്ന് വിവേക് പറയുന്നു. മെഷീന് പകരം കൈകള്‍ കൊണ്ടാണ് കുല്‍ഫിയില്‍ മോദിയുടെ മുഖം സൃഷ്ടിച്ചെടുത്തത്. അതിനാലാണ് ഇത്രയേറെ സമയം ഇതിന് വേണ്ടി വന്നതും. 

മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്ന മെയ് 30 വരെ മാത്രമാണ് മോദി സീതാഫാല്‍ കുല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഈ കുല്‍ഫി കഴിക്കാന്‍ സാധിക്കൂ. അന്‍പത് ശതമാനം വിലക്കുറവില്‍ വില്‍പനയ്ക്ക് എത്തിച്ച മോദി സീതാഫല്‍ കുല്‍ഫിക്ക് നല്ല പ്രതികരണമാണ് സൂറത്തില്‍ ലഭിക്കുന്നതെന്നും വിവേക് സാക്ഷ്യപ്പെടുത്തുന്നു. നൂറ് ശതമാനം പ്രകൃതിദത്തമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കുല്‍ഫിയുടെ നിര്‍മ്മാണമെന്നും വിവേക് പറയുന്നു.