ദില്ലി: മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദില്ലി സഫ്‌ദർജംഗിലെ ഔദ്യോഗിക വസതിയൊഴിഞ്ഞു. 16ാം ലോക്സഭ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്.

"ഞാൻ എന്റെ ഔദ്യോഗിക വസതിയായ ദില്ലി സഫ്‌ദർജംഗ് ലെയിനിലെ എട്ടാം നമ്പർ വീട് ഒഴിയുകയാണ്. എന്നെ മുൻ ഫോൺ നമ്പറുകളിലോ, വിലാസത്തിലോ ബന്ധപ്പെടാൻ സാധിക്കില്ലെന്ന് ഓർക്കുക," അവർ ട്വീറ്റ് ചെയ്തു.

ബിജെപി 303 സീറ്റുകളിൽ വിജയിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഖം അവരുടേതായിരുന്നെങ്കിലും 2019 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ തന്നെയാണ് വ്യക്തമാക്കിയിരുന്നത്.

ലോക്സഭ പിരിച്ചുവിട്ടാൽ ഒരു മാസത്തിനകം എംപിമാർ ഔദ്യോഗിക വസതി ഒഴിയണം എന്നാണ് ചട്ടം. ഇത് പാലിച്ചാണ് സുഷമ തന്റെ വീടൊഴിഞ്ഞത്.