Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ നിന്നുള്ള ട്വീറ്റിനും സഹായം; 'ഡിജിറ്റല്‍ നയതന്ത്രം' എങ്ങനെയാവണമെന്ന് തെളിയിച്ച സുഷമ

പലപ്പോഴും അവഗണന മാത്രം നേരിട്ടിരുന്ന പ്രവാസികൾക്ക് വിരൽത്തുമ്പിൽ നടപടിയെത്തിച്ച വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സുഷമ സ്വരാജ്. ഒന്നേകാൽ കോടിയിലേറെ  ഫോളോവേഴ്സാണ് ട്വിറ്ററിൽ സുഷമയ്ക്കുണ്ടായിരുന്നത്. 

Sushma Swaraj proves how to use digital diplomacy for people
Author
New Delhi, First Published Aug 7, 2019, 9:26 AM IST

ദില്ലി: സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ നയതന്ത്രം എങ്ങനെയാവണമെന്ന് രാജ്യത്തിനും ലോകത്തിനും മാതൃകയായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിയായിരിക്കെ വിവിധ ലോകരാജ്യങ്ങളുമായി ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തിയ അവരുടെ നിലപാടുകള്‍ കേരളത്തിനും നേട്ടമായിരുന്നു. ട്വിറ്ററിൽ സജീവമായിരുന്ന സുഷമ സ്വരാജ് വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചിരുന്നു. 

ട്വിറ്ററിൽ ഒരഭ്യർഥന മതി സഹായം പടിവാതിൽക്കലെത്തും എന്നതായിരുന്നു സുഷമ സ്വരാജ് പിന്തുടര്‍ന്നിരുന്ന രീതി. വളരെ സജീവമായിരുന്ന ഈ രീതിയെ സമൂഹമാധ്യമങ്ങൾ അമ്പരപ്പോടെയാണ് സ്വീകരിച്ചത്. പലപ്പോഴും അവഗണന മാത്രം നേരിട്ടിരുന്ന പ്രവാസികൾക്ക് വിരൽത്തുമ്പിൽ നടപടിയെത്തിച്ച വിദേശകാര്യ മന്ത്രി കൂടിയായിരുന്നു സുഷമ സ്വരാജ്. ഒന്നേകാൽ കോടിയിലേറെ  ഫോളോവേഴ്സാണ് ട്വിറ്ററിൽ സുഷമയ്ക്കുണ്ടായിരുന്നത്. 

സഹായത്തിനായി സുഷമയുടെ കരങ്ങള്‍ നീണ്ടത് ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നില്ല, പാകിസ്ഥാനില്‍ നിന്നെത്തിയ പിഞ്ചുകുഞ്ഞിന് വരെ അവര്‍ ഞൊടിയിടയില്‍ സഹായമെത്തിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് വീസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്ക്ക് നിമിഷ നേരത്തില്‍ വീസ നൽകിയതോടെ അവര്‍ പാകിസ്ഥാനിലും താരമായി. 

യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്‍റെ ചിത്രം അയച്ച് രക്ഷിക്കണമെന്ന് അഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ച് സുഷമ ചരിത്രമെഴുതി. ഇതിന് പിന്നാലെ ‘സൂപ്പർ മോം’ എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ സ്പോൺസറുടെ പീഡനങ്ങളിൽ നിന്നും വീസ തട്ടിപ്പുകളിൽ നിന്നും നിരവധി പേര്‍ക്ക് അവര്‍ രക്ഷയായി. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമ സ്വരാജിന് അയച്ച വീഡിയോ സന്ദേശമായിരുന്നു.

2018 ൽ മിശ്രവിവാഹിതരായ ദമ്പതികൾക്കു ലക്നൗ പാസ്പോർട്ട് ഓഫിസിൽ പാസ്പോർട്ട് നിഷേധിക്കുകയും മതം മാറാൻ നിർദേശിക്കുകയും ചെയ്ത സംഭവവുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം സ്ഥലം മാറ്റിയതോടെ കടുത്ത അധിക്ഷേപങ്ങളാണ് സുഷമ സ്വരാജ് നേരിട്ടത്. കോൺഗ്രസ് അടക്കമുളള പ്രതിപക്ഷകക്ഷികൾ സുഷമയ്ക്കു പിന്തുണയുമായി എത്തിയെങ്കിലും മന്ത്രിസഭയിലെ സഹപ്രവർത്തകർ ആദ്യം പിന്തുണയ്ക്കാൻ മടി കാണിച്ചു. എന്നാല്‍ വിമര്‍ശനങ്ങളേയും അവര്‍ സ്വാഗതം ചെയ്തു. ജനാധിപത്യത്തിൽ അഭിപ്രായഭിന്നത സ്വാഭാവികമാണ്. വിമർശിച്ചോളൂ, പക്ഷേ അത് മാന്യമായ ഭാഷയിലാകട്ടെ. അത്തരം വിമർശനങ്ങൾ ഫലപ്രദമാണെന്നായിരുന്നു അവര്‍ പ്രതികരിച്ചത്. 

രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികൾക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവർ മാറി നിന്നപ്പോൾ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും പ്രവാസികളായിരുന്നു. ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി മിക്ക മാധ്യമ സര്‍വ്വെകളും തിരഞ്ഞെടുത്തത് സുഷമ സ്വരാജിനെയായിരുന്നു.
 

Follow Us:
Download App:
  • android
  • ios