ശ്രീനഗർ: ജമ്മു കാശ്മീരിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിലാണ് സംഭവം.

പുലർച്ചെ മൂന്ന് മണിയോടെ 60നോടടുത്ത് പ്രായം വരുന്നയാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴാണ് ബിഎസ്എഫ് ജവാൻ വെടിവച്ചത്. ഇയാളുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിയുതിർക്കും മുൻപ് പലവട്ടം ഇയാളോട് തിരികെ പോകാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ തിരികെ പോകാൻ വിസമ്മതിച്ചുവെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം. സാംബ ജില്ലയിലെ എസ്എം പുര സൈനിക പോസ്റ്റിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.