ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും സസ്പെൻഷൻ ദില്ലി പൊലീസ് പിൻവലിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ചതിന്‍റെ പേരിലാണ് ഇവരെ സസ്പെന്‍റ് ചെയ്തതെന്ന് യുവതി ആരോപിച്ചിരുന്നു.

മോശം പെരുമാറ്റത്തിന് 2018 ഡിസംബര്‍ 28നാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ദില്ലി പൊലീസിൽ നിന്ന് സസ്പെന്‍റ് ചെയ്തത്. സസ്പെന്‍ഷൻ നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നൽകിയ പരാതിയിൽ യുവതിയുടെ ആരോപണം. 

കഴിഞ്ഞ ഏപ്രിൽ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതിയിലെ ജീവനക്കാരി കൂടിയായിരുന്ന യുവതി ലൈംഗിക അതിക്രമ പരാതി നൽകിയത്. 2018 ഒക്ടോബര്‍ മാസത്തിൽ ചീഫ് ജസ്റ്റിസ് ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. ആക്രമണം ചെറുത്തതിന്‍റെ പേരിൽ തന്‍റെ ജോലി നഷ്ടപ്പെട്ടു, ഭര്‍ത്താവിനെയും സഹോദരനെയും ദില്ലി പൊലീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി പരിശോധിച്ച ജസ്റ്റിസ് എസ്എ ബോബ്ഡേ അദ്ധ്യക്ഷനായ സുപ്രീംകോടതിയിലെ ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ചെയ്തത്. നിയമപോരാട്ടം തുടരുമെന്ന് യുവതി വ്യക്തമാക്കിയിരിക്കെയാണ് ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും സസ്പെഷൻ പിൻവലിച്ചത്. അതേസമയം പൊലീസുകാരുടെ സസ്പെഷനും ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയും തമ്മിൽ ബന്ധമില്ലെന്നാണ് ദില്ലി പൊലീസ് വിശദീകരിച്ചു.

പ്രതീകാത്മക ചിത്രം