ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ കോഡ് രേഖപ്പെടുത്തിയ വളയവും ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയുമായി സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി

ഡൽഹി: ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ കോഡ് രേഖപ്പെടുത്തിയ വളയവും ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയുമായി സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി. സാംബയിലെ മാവാ എന്ന അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രദേശവാസികൾ പ്രാവിനെ കണ്ടെത്തിയത്. പ്രാവിന്‍റെ കാലിൽ 'Code No 03341214150' എന്ന് രേഖപ്പെടുത്തിയ വളയവും ഒപ്പം ഒരു ഉർദു കുറിപ്പും പാകിസ്താൻ കറൻസിയും കെട്ടിവെച്ച നിലയിലായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി. പ്രാവിനെയും അതിൽ നിന്ന് ലഭിച്ച കുറിപ്പിലെ ഉള്ളടക്കവും പരിശോധിച്ചുവരികയാണെന്നും പ്രാവിന്‍റെ ഉറവിടം സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അതിർത്തി കടന്നുള്ള സന്ദേശങ്ങൾ കൈമാറുന്നതിനും കള്ളക്കടത്തിനും പ്രാവിനെ ഉപയോഗിക്കുന്ന സംഭവങ്ങൾ ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും അതിർത്തി പ്രദേശങ്ങളിൽ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.