Asianet News MalayalamAsianet News Malayalam

ബബുൽ പോയത് പാർട്ടിക്ക് നഷ്ടമല്ല, ജനകീയനല്ല; നേരത്തെ ബിജെപിയെ അറിയിക്കാമായിരുന്നുവെന്ന് സുവേന്ദു അധികാരി

പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബബുൽ സുപ്രിയോ ബിജെപിയെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 

Suvendu said the BJP could have been informed earlier that Babul was leaving the party
Author
West Bengal, First Published Sep 18, 2021, 11:16 PM IST

കൊൽക്കത്ത: പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബബുൽ സുപ്രിയോ ബിജെപിയെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.  ബബുൽ സുപ്രിയോ പോയത് പാർട്ടിക്ക് നഷ്ടമല്ല. ജനകീയനായ നേതാവോ നല്ല സംഘാടനകനോ അല്ല. എങ്കിലും എന്റെ സുഹൃത്താണെന്നും സുവേന്ദു അധികാരി പറഞ്ഞു.

മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ബിജെപി വിട്ട  മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും ഡെറിക് ഒബ്രിയാൻ എംപിയുടെയും സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശം.  മമത ബാനർജി നിർണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബാബുൽ സുപ്രിയോയുടെ തൃണമൂൽ പ്രവേശം ബിജെപിക്ക് മുന്നിൽ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തപ്പെടുന്നത്. 

കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ബിജെപി വിട്ട് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 

നടനും പിന്നണി ഗായകനുമായിരുന്ന ബാബുല്‍ സുപ്രിയോ 2014ല്‍ ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേരുന്നത്. അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭകളില്‍  നഗരവികസനം, വനം പരിസ്ഥിതി  സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios