പനാജി: ഗോവയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടത്താൻ ബിജെപി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎൽഎമാർക്ക് കൂടി പ്രാതിനിധ്യം നൽകി മന്ത്രി സഭയിൽ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും. 

മിഷേൽ ലോബോ,ബാബു കവലേക്കർ,ബാബുഷ് മോൺസ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.  ഇന്നലെ ദില്ലിയിൽ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിൽ എംഎൽഎമാർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

ഇതേ സമയം, നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത ബിജെപി നീക്കത്തെ വിമർശിച്ച് എൻഡിഎ ഘടകകക്ഷിയായ ഗോവ ഫോ‍ർവാർഡ് രംഗത്തെത്തി. ബിജെപിയിൽ ചേർന്ന എം എൽ എമാർക്കെതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നൽകുമെന്ന് കോൺഗ്രസ് നിരീക്ഷകൻ ചെല്ല കുമാറും അറിയിച്ചു.