ദില്ലി: കൊവിഡ് 19 ബാധിച്ചവര്‍ക്ക് പ്ലാസ്മ തെറാപ്പി നടത്താന്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങി കൊവിഡ് മോചിതരായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍. ദില്ലിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊറോണ വൈറസ് സ്ഥിരീകരിച്ച 350ഓളം പേരാണ് പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത വ്യക്തമാക്കിയത്. ഇതിനോടകം 25 പേര്‍ ഇവരുടെ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്.

ദില്ലിയിലെ സുല്‍ത്താന്‍പുരി, നരേല ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി എത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ രോഗവിമുക്തരായ തബ്‌ലീഗ് ജമാഅത്ത്  പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ഫറ ഭാഷര്‍ എന്ന 40കാരന്‍ ഇതിനോടകം പ്ലാസ്മ ദാനം ചെയ്തുവെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് ഒഴിപ്പിച്ച 2300 പേരില്‍ 1080 പേര്‍ കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

പ്ലാസ്മ തെറാപ്പി ഫലം കാണുന്നു; ദില്ലിയില്‍ കൊവിഡ് 19 രോഗി ആശുപത്രി വിട്ടു; ശുഭ സൂചനയെന്ന് ആരോഗ്യ വിദഗ്ധര്‍

ഇതില്‍ നിരവധിപ്പേരാണ് രോഗവിമുക്തരായി ആശുപത്രികളില്‍ നിന്ന് പോയിട്ടുള്ളത്. കൊവി‍ഡ് 19 ബാധയിൽ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോ​ഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. 400 മില്ലി പ്ലാസ്മ ഒരാള്‍ക്ക് ദാനം ചെയ്യാനാവുമെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. ഇതുപയോഗിച്ച് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നാണ് പ്ലാസ്മ തെറാപ്പി വിദഗ്ധര്‍ വിശദമാക്കുന്നത്.  നേരത്തെ കൊറോണ വൈറസ് ബാധ ഭേദമായവര്‍ ജാതിയും മതവും പരിഗണിക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടിരുന്നു.