Asianet News MalayalamAsianet News Malayalam

തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട കൊലപാതകം: ആറ് പ്രതികള്‍ക്ക് ജാമ്യം

എഫ് ഐ ആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് അഡ്വക്കറ്റ് എ കെ സഹാനി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ മുഖോപാധ്യായ് ജാമ്യം അനുവദിച്ചത്. 

tabrez ansari lynching case: six accused got bail
Author
Ranchi, First Published Dec 11, 2019, 5:59 PM IST

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് തബ്രിസ് അന്‍സാരി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറ് പ്രതികള്‍ക്കാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. എഫ് ഐ ആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് അഡ്വക്കറ്റ് എ കെ സഹാനി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ മുഖോപാധ്യായ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലില്‍ മുഖ്യ പ്രതി പപ്പു മണ്ഡലുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം ഹൈക്കോടതി അംഗീകരിച്ചു.

ഭീംസെന്‍ മണ്ഡല്‍, ചാമു നായക്, മഹേഷ് മഹാലി, സത്യനാരായണ്‍ നായക്, മദന്‍ നായക്, വിക്രം മണ്ഡല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 25 മുതല്‍ ഇവര്‍ ജയിലിലാണ്. ജൂണ്‍ 17നാണ് അന്‍സാരി ധട്‍കിടിഹ് ഗ്രാമത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. അന്‍സാരിയും രണ്ട് സുഹൃത്തുക്കളും മോഷണത്തിന് ശ്രമിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട് മര്‍ദിച്ചത്. തബ്രിസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി അന്‍സാരിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജയിലില്‍ വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 22നാണ് അന്‍സാരി മരിച്ചത്. അന്‍സാരിയുടെ മരണത്തിന് പൊലീസിന്‍റെ അനാസ്ഥയും കാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

കേസില്‍ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കൊലപാതകക്കുറ്റമായ 302 വകുപ്പ് ചുമത്തിയെങ്കിലും പിന്നീട് മനപൂര്‍വമല്ലാത്ത നരഹത്യയായ 304 വകുപ്പിലേക്ക് മാറ്റി. പിന്നീട് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും കൊലക്കുറ്റം ചുമത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios