ദില്ലി: കൊറോണയിൽ നിന്ന് സ്വാതന്ത്ര്യം നേടുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ എടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നാം എന്നും മോദി പറഞ്ഞു. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ 13 ലക്ഷത്തിലധികം ആളുകളാണ് കൊറോണ ബാധിതരായിരിക്കുന്നത്.  

'ഒരു മഹാമാരിയുടെ നടുവിൽ വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്നത്. ഈ മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ എടുക്കാൻ രാജ്യത്തെ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. സ്വാശ്രയ ഇന്ത്യക്കായി ദൃഢനിശ്ചയം എടുക്കുക. പുതിയ കാര്യങ്ങൾ പഠിക്കാനും പഠിപ്പിക്കാനും കടമകൾ ആത്മാർത്ഥമായി നിർവഹിക്കാനുമുള്ള ദൃഢനിശ്ചയം എടുക്കുക.' പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

രാജ്യം കനത്ത നഷ്ടങ്ങളിലൂടെ കടന്നു പോകുന്നെങ്കിലും കൊവിഡിനെതിരെ മികച്ച പോരാട്ടമാണ് നടത്തുന്നതെന്നും മോദി പറഞ്ഞു. 'വിജയകരമായ രോ​ഗമുക്തി നിരക്കുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് ബാധയിൽ നിന്നുള്ള രോ​ഗമുക്തി നിരക്ക് വളരെ മികച്ചതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. എന്നാൽ കൊവിഡിന്റെ ഭീഷണിയെ മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജാ​ഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിലേത് പോലെ തന്നെ അപകടകാരിയായി കൊറോണ നിലനിൽക്കുന്നു എന്ന് നാം മനസ്സിലാക്കണം.' മോദി പറഞ്ഞു. 

മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് പറയുന്നവരെക്കുറിച്ചും മോദി പരാമർശിച്ചു. 'ചിലർ സംസാരിക്കുമ്പോൾ മാസ്ക് നീക്കിയതിന് ശേഷം സംസാരിക്കുന്നതായി കാണാം. മാസ്ക് നീക്കണമെന്ന് തോന്നുമ്പോൾ ആരോ​ഗ്യപ്രവർത്തകരേയും ഡോക്ടേഴ്സിനെയും കുറിച്ച് ഓർക്കുക. മണിക്കൂറുകളോളം മാസ്ക് ധരിച്ചാണ് ഇവർ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്നത്.' പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 705 പേരാണ് ഇന്ത്യയിലാകെ കൊറോണ വൈറസ് ബാധിതരായി മരിച്ചത്. 48661 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതുവരെ 13,85,522 ആണ്. 63 ശതമാനം രോ​ഗമുക്തി നിരക്കാണ് ഇന്ത്യയിലുള്ളത്. മാർച്ച് 2 ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത അന്നുമുതൽ 8,85,577 പേരാണ് കൊവിഡ് മുക്തി നേടിയത്.