Asianet News MalayalamAsianet News Malayalam

'ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കം, അജയ് മിശ്രക്കെതിരെ നടപടിവേണം'; മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത്

ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അജയ്മിശ്രക്കെതിരെ കര്‍ശന നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ബിജെപി എംപി വരുണ്‍ഗാന്ധി ആവശ്യപ്പെടുന്നത്. 

take action against Ajay Mishra for Lakhimpur Violence, Varun Gandhi writes letter to PM Modi
Author
Delhi, First Published Nov 20, 2021, 4:47 PM IST

ദില്ലി: കാർഷിക നിയമങ്ങള്‍ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര (Ajay Mishra) യ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Narendra Modi) ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ (Varun Gandhi) കത്ത്. ലഖിംപൂരില്‍ (Lakhimpur Violence) കൊല്ലപ്പെട്ട കര്‍ഷകര്‍‍ക്ക് നീതി നല്‍കണമെന്നും അജയ്  മിശ്രയുമായി ലക്നൗവിലെ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ കത്ത്.

ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അജയ്മിശ്രക്കെതിരെ കര്‍ശന നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ബിജെപി എംപി വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ലഖിംപൂര്‍ വിഷയത്തില്‍ നീതിപൂർവകമായ അന്വേഷണത്തിന് മന്ത്രിയെ പുറത്താക്കണമെന്ന പരോക്ഷ സൂചന നല്‍കിയാണ് വരുണ്‍ ഗാന്ധിയുടെ കത്ത്. കർഷകര്‍ ആവശ്യപ്പെടുന്ന താങ്ങുവിലയിലെ നിയമത്തിനും അടിയന്തരമായി തീരുമാനമുണ്ടാക്കണമെന്നും വരുണ്‍ഗാന്ധി പറഞ്ഞു.

യുപി തെരഞ്ഞെടുപ്പിന് മുൻപ് കാർഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ബിജെപി ശ്രമത്തെ ലഖിംപൂര്‍ ഉയര്‍ത്തിക്കാട്ടി തടയാനാണ് കോണ്‍ഗ്രസ് നീക്കം. ലഖീംപൂരില്‍ നാല് കർഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ അറസ്റ്റിലായിരുന്നു. കര്‍ഷകര്‍ക്ക് നീതി ലഭിക്കാനൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് നിന്ന് അജയ് മിശ്രയെ പുറത്താക്കാൻ മോദി തയ്യാറാകണമെന്ന് പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു. കർഷകരോടുള്ള ആത്മാർത്ഥത യഥാര്‍ത്ഥമാണെങ്കില്‍ അജയ് മിശ്രയുമായി പ്രധാമന്ത്രി വേദി പങ്കിടരുതെന്നും പ്രിയങ്ക പറഞ്ഞു. ഇന്ന് ലക്നൗവില്‍ ഡിജിപിമാരുടെ സമ്മേളനത്തില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് ആവശ്യമുയര്‍ത്തി പ്രിയങ്ക രംഗത്ത് വന്നത്. 

Read Also : ലഖിംപുര്‍ കേസ്; വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം, സുപ്രീംകോടതി ഉത്തരവിറക്കി

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios