ഏകദേശം 8000 കോടിയുടെ ബാധ്യതയുളള ജെറ്റ് എയര്‍വേസിന് 1500 കോടി നൽകാൻ പൊതുമേഖലാ ബാങ്കുകള്‍ തീരുമാനിച്ചത് മോദി സര്‍ക്കാരിന്റെ ഇരട്ട നീതിയുടെ തെളിവെന്ന് മല്യ

ദില്ലി: മോദി സര്‍ക്കാരിനെ അതിരൂക്ഷമായി വിമ‍ര്‍ശിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ രംഗത്ത്. ജെറ്റ് എയർവേസിനെ സംരക്ഷിക്കാൻ കേന്ദ്ര സ‍ര്‍ക്കാര്‍ 1500 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്യ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. ഏകദേശം 8000 കോടി രൂപയുടെ കടക്കെണിയിലുള്ള ജെറ്റ് എയർവെയ്സിന് പൊതുമേഖലാ ബാങ്കുകൾ 1500 കോടി നൽകാൻ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം.

നഷ്ടത്തെ തുടര്‍ന്ന് പ്രവ‍ര്‍ത്തനം നിലച്ച, തന്റെ ഉടമസ്ഥതയിലുളള കിങ്ഫിഷ‍ര്‍ എയര്‍ലൈൻസിന് വേണ്ടി ഒന്നും ചെയ്യാതിരുന്നതാണ് മല്യയെ ചൊടിപ്പിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ കുറിച്ച ട്വീറ്റുകളില്‍ കിങ്ഫിഷറിന് വേണ്ടി താന്‍ നിക്ഷേപിച്ച പണത്തെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും കാരണമില്ലാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മല്യ പറയുന്നു. ഇക്കാര്യത്തിൽ മോദി സര്‍ക്കാരിന് രണ്ട് നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

"കിങ്ഫിഷര്‍ എയര്‍ലൈൻസ് എന്ന കമ്പനിയെയും അതിന്റെ ജീവനക്കാരെയും സംരക്ഷിക്കാൻ ഞാൻ 4000 കോടി രൂപയാണ് നിക്ഷേപിച്ചത്. ഇതാരും അംഗീകരിക്കുന്നില്ല, പക്ഷെ സാധ്യമായ രീതിയിലെല്ലാം വിമര്‍ശിക്കുന്നുണ്ട്. ഇതേ പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈൻ കമ്പനിയെയും ജീവനക്കാരെയും തക‍ര്‍ത്തത്. എൻഡിഎ സര്‍ക്കാരിന്റെ ഇരട്ടനീതിയാണിത്," മല്യ വിമര്‍ശിച്ചു.

കിങിഫിഷര്‍ എയര്‍വേസിനെ രക്ഷിക്കാൻ മൻമോഹൻ സിങ് സര്‍ക്കാര്‍ ചെയ്തതിനെ വിമര്‍ശിക്കാൻ മോദി സര്‍ക്കാരിന് സമയമുണ്ട്. അത് തന്നെയാണ് അവ‍ര്‍ നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേസിനോട് ചെയ്തത്." മല്യ പറയുന്നു.

ഇതിന് പിന്നാലെയുളള ട്വീറ്റിലാണ് തന്റെ പണം ഉപയോഗിച്ച് ജെറ്റ് എയര്‍വേസിന്റെ ബാധ്യതകള്‍ തീര്‍ക്കാൻ മല്യ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെടുന്നത്. "കര്‍ണ്ണാടക ഹൈക്കോടതിയിൽ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങള്‍ അവസാനിപ്പിക്കാനും മറ്റ് കടക്കാര്‍ക്ക് നൽകാനുമായി ഞാൻ കെട്ടിവച്ച പണമുണ്ട്. എന്തുകൊണ്ടാണ് ഈ പണം ബാങ്കുകള്‍ എടുക്കാത്തത്? ആ പണം എടുത്ത് ജെറ്റ് എയർവേസിനെ രക്ഷിക്കണം," മല്യ പറഞ്ഞു.

വിവിധ പൊതുമേഖലാ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ അടക്കാനുള്ളത്. 4,400 കോടി രൂപ തിരിച്ചടക്കാമെന്നാണ് മല്യ ഉറപ്പ് നൽകിയത്. ഇതേത്തുടർന്നാണ് തന്റെ പണം സ്വീകരിക്കാത്തതെന്തു കൊണ്ടെന്ന് മല്യ ചോദിക്കുന്നത്.