ചെന്നൈ: കൊവിഡ് രോഗികളിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ ഇനി മുതൽ പ്രത്യേകം പരാമർശിക്കില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. രോഗവ്യാപനത്തെ വർഗീയവത്കരിക്കരുതെന്നും തമിഴ്നാട് ആരോഗ്യസെക്രട്ടറി പറഞ്ഞു. രാജ്യത്തെ കൊവിഡ് രോഗബാധയുടെ പ്രധാന വ്യാപന സ്ത്രോസ്സായി ദില്ലി നിസാമൂദിനിൽ നടന്ന തബ്ലീഗ് സമ്മേളനം മാറുകയും ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലും മറ്റുമായി ചേരിപ്പോര് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

നേരത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും തബ്ലീഗ് സമ്മേളനത്തിൻ്റെ പേരിൽ മുസ്ലീം വിഭാഗത്തിന് നേരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. മുസ്ലീങ്ങൾക്കെതിരെ ആരും ഒന്നും മിണ്ടിപ്പോകരുതെന്നും തബ്ലീഗ് സമ്മേളനത്തിന് പോയ കർണാടക സ്വദേശികളെല്ലാം നല്ല രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അതിനിടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ആറായി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കൊവിഡ് രോഗിയെ ചികിത്സിക്കുക വഴി രോഗം ബാധിച്ച കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടു.

രോഗബാധിതരുടെ എണ്ണം 621 ആയതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി തമിഴ്നാട് മാറി .ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്.

അതേസമയം തമിഴ്നാട്ടിൽ കൊവിഡ് രോഗിയായ രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയതിൽ വൻ വീഴ്ച പറ്റിയതായി വ്യക്തമായി. കൊവിഡ് ലക്ഷ്ണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ഫലം വരുന്നതിന് മുമ്പേ ബന്ധുകൾക്ക് വിട്ടു നൽകിയിരുന്നു. ഞായറാഴ്ച പരിശോധന ഫലം വരുമ്പോഴേക്കും സംസ്കാരം കഴിയുകയും ചെയ്തു. 

പരിശോധനയിൽ ഇയാൾക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്കാരത്തിൽ പങ്കെടുത്ത അൻപതോളം പേരെ 28 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പ്രോട്ടോകോൾ പ്രകാരം പാക്ക് ചെയ്തു വിട്ടു കൊടുത്ത മൃതദേഹം ബന്ധുകൾ പുറത്തെടുക്കുകയും മതപരമായ ചടങ്ങുകളെല്ലാം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.