ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണത്തെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ പൊതുപരീക്ഷ റദ്ദാക്കി. എല്ലാ കുട്ടികളെയും വിജയിപ്പിക്കും. അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 

അടുത്ത തിങ്കളാഴ്ച പരീക്ഷ തുടങ്ങാനുള്ള നീക്കം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ചെന്നൈയില്‍ പല സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളാണ്. തെലങ്കാന സർക്കാരും പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ ജയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ഇന്ന് മുതൽ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ രജിസ്ട്രേഷനും പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച പരീക്ഷയില്ല എന്ന കാര്യം പ്രഖ്യാപിച്ചത്. 

പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ അസെയ്ൻമെന്റുകളിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനം. തെലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താം ക്ലാസ് വിദ്യാർത്ഥികളാണുള്ളത്. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരും ദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.