ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ജാതി വിവേചനം നടത്തിയവർക്ക് എതിരെ നടപടി. പഞ്ചായത്ത് യോഗങ്ങളിൽ ദളിത് പ്രസിഡൻ്റിനെ കസേരയിൽ ഇരിക്കാൻ മറ്റ് അംഗങ്ങൾ അനുവദിച്ചിരുന്നില്ല. നിലത്തിരുന്ന് യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നടപടി. പഞ്ചായത്ത് സെക്രട്ടറി  ഉൾപ്പടെ മൂന്ന് പേരെ കളക്ടർ സസ്പെൻഡ് ചെയ്തു.

ജാതി വിവേചനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങളാണ് കടലൂർ തേർക്കുതിട്ടൈ പഞ്ചായത്ത് ഓഫീസിൽ നിന്നും പുറത്ത് വന്നത്. പഞ്ചായത്ത് അധ്യക്ഷയായിട്ടും ദളിത് സ്ത്രീയായതിൻ്റെ പേരിൽ നിലത്തിരുന്ന് യോഗത്തിൽ പങ്കെടുക്കേണ്ടി വന്ന രാജേശ്വരിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കളക്ടർ നടപടി സ്വീകരിച്ചത്. മുന്നാക്ക ജാതിക്കാരായ പഞ്ചായത്ത് സെക്രട്ടറിയും വൈസ് പ്രസിഡൻ്റും തങ്ങൾക്കൊപ്പം  കസേരയിൽ ഇരിക്കാൻ രാജേശ്വരിയെ ഒരിക്കലും അനുവദിച്ചില്ല. പഞ്ചായത്ത് യോഗങ്ങളിൽ സംസാരിക്കാൻ പോലും കൃത്യമായി അവസരം നൽകിയില്ല. സംഭവത്തില്‍ വൈസ് പ്രസിഡൻ്റ് മോഹൻരാജ് പഞ്ചായത്ത് സെക്രട്ടറി , ബോർഡംഗം സുകുമാർ എന്നിവരെ കളക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. 

മുന്നാക്ക ജാതിക്കാർക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ദളിത് സംവരണം വന്നതോടെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് രാജേശ്വരി തെരഞ്ഞെടുക്കപ്പെട്ടത്. കടലൂരിലെ ദളിത് പോരാട്ടങ്ങളുടെ മുൻനിര നേതാവായ രാജേശ്വരിക്ക് പക്ഷേ പഞ്ചായത്തിൽ നേരിടേണ്ടി വന്നത് കടുത്ത ജാതിവിവേചനമാണ്. പൊതുപരിപാടികൾക്ക് പോലും ദളിത് സ്ത്രീ എന്ന കാരണത്താൽ ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ ദേശീയ പതാക ഉയർത്താൻ പോലും മറ്റ് പഞ്ചായത്തംഗങ്ങൾ അനുവദിച്ചില്ല. മറ്റ് അംഗങ്ങൾ കസേരയിലും രാജേശ്വരി മാത്രം നിലത്തും ഇരുന്ന് യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതേടെയാണ് സംഭവം പുറം ലോകം അറിയുന്നത്.