ചെന്നൈ: പൊള്ളാച്ചി പീഡനക്കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. കേസ് സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളടക്കം സംസ്ഥാനത്തുടനീളം  വലിയ പ്രതിഷേധങ്ങളുയർത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേരു കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐഡി  വിഭാഗം കണ്ടെത്തിയിരുന്നു. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനായി  സിബിസിഐഡി  അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കൂടി കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് ശ്രമങ്ങൾക്കിടെയാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്.

ഏഴു വർഷത്തിനിടെ 50ഓളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം  ദില്ലിയിലെ നിർഭയ കേസിനോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതി പരാമർശിച്ചിരുന്നു.കേസിൽ അറസ്റ്റിലായ തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾക്കെതിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാആക്ടും ചുമത്തി.   

വെറുതെ വിടണമെന്ന് പ്രതികളോട്  അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനതകളില്ലാത്ത പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് കൂടിയാലോചനകളിലാണ് സര്‍ക്കാര്‍. 

പരാതി നല്‍കിയ പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തിരുന്നു. ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട്  വിട്ടയച്ചു. പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തമിഴ്നാട് അഭിഭാഷക സംഘടന വ്യക്തമാക്കി. പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും അഭിഭാഷക സംഘടന അറിയിച്ചു.