ചെന്നൈ: തമിഴ് സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ. താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു. 

പത്ത് ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്നവർ 30 ശതമാനം മുതൽ 50 ശതമാനം വരെ ഇത് കുറയ്ക്കണമെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യം. കൊവിഡ് സാഹചര്യത്തിൽ തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്.