മരംമുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ തമിഴ്നാട് ആവശ്യപ്പെട്ടു.

ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് വീണ്ടും സുപ്രീം കോടതിയില്‍. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. മരം മുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും തമിഴ്നാട് അപേക്ഷയില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതും മരംമുറിക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷവും തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമുണ്ടാകുന്നില്ലെന്നും കേരളം പ്രതിബന്ധ നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

1. ഡാം ബലപ്പെടുത്തുന്നതും മരം മുറിക്കുന്നതുമുള്‍പ്പെടേയുള്ള വിഷയങ്ങളില്‍ മേല്‍നോട്ട സമിതി ഉടന്‍ തീരുമാനമെടുക്കണം. 
2. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പതിനഞ്ച് മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ വര്‍ഷം കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണം.
3. വള്ളക്കുളം -മുല്ലപ്പെരിയാര്‍ റോഡിലൂടെ ഡാം ബലപ്പെടുത്തുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിക്കാനുള്ള അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണം. 
4. ഈ റോഡിന്‍റെ അറ്റകുറ്റപ്പണി കേരളം ഉടന്‍ പൂര്‍ത്തിയാക്കണം. 
5. ഡാമില്‍ ഫ്ലഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം സ്ഥാപിക്കണം. 
6. തമിഴ് നാടിന്‍റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാർ തടാകത്തിൽ സർവീസ് നടത്താൻ അനുമതി നൽകണം തുടങ്ങിയവായാണ് തമിഴ്നാടിന്‍റെ മറ്റ് ആവശ്യങ്ങള്‍.

YouTube video player

2006 ലെയും 2014 ലെയും വിധികളിലൂടെ ബേബി അണക്കെട്ട് ബലപ്പെടുത്താൻ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു. എന്നാൽ, നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്ന വാദമാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബര്‍ 6 ന് മരങ്ങൾ മുറിക്കാൻ അന്നത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചൻ തോമസ് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കേരളം മരം മുറിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പറഞ്ഞ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. 

ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നായിരുന്നു തമിഴ്നാട് സര്‍ക്കാറിന്‍റെ വാദം. അണക്കെട്ട് പ്രദേശത്ത് മഴമാപിനി സ്ഥാപിക്കാൻ 2015 ൽ സമ്മതിച്ച കേരളം, ഇത് സ്ഥാപിച്ചത് 2020 ലാണ്. എന്നാൽ, അതിന്‍റെ വിവരങ്ങൾ പങ്കുവെക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന് തുടങ്ങി നിരവധി പരാതികളാണ് അന്ന് തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഉയര്‍ത്തിയത്. മരം മുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കാൻ ഉത്തരവിറക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് തമിഴ്നാട് ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്. 

നേരത്തെ ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സ‍ര്‍ക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയത് കേരളത്തില്‍ വിവാദമായിരുന്നു. ഉത്തരവിറക്കുന്നതിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചൻ തോമസ് ജാഗ്രത കാണിച്ചില്ലെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയതിനെ തുടര്‍ന്ന് അദ്ദേഹം നടപടി നേരിട്ടിരുന്നു. എന്നാല്‍, പിന്നീട് ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി സര്‍ക്കാര്‍ അവസാനിപ്പിച്ചു. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. അതിന് ശേഷം സര്‍ക്കാര്‍ അദ്ദേഹത്തെ വനം വകുപ്പ് മേധാവിയാക്കിയിരുന്നു. ഈ കേസിന്‍റെ പ്രശ്നങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് തമിഴ്നാട് മരം മുറിക്കാന്‍ അനുമതി നേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. 


കൂടുതല്‍ വായനയ്ക്ക്: മുല്ലപ്പെരിയാര്‍ മരംമുറി: ഉത്തരവാദി ബെന്നിച്ചന്‍ മാത്രമല്ല, കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് വനംമന്ത്രി

കൂടുതല്‍ വായനയ്ക്ക്: Mullaperiyar : മുല്ലപ്പെരിയാർ വിവാദ മരംമുറി ഉത്തരവ്; ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുകൂലമായി അന്വേഷണ റിപ്പോർട്ട്

കൂടുതല്‍ വായനയ്ക്ക്: Mullapperiyar : 'ബെന്നിച്ചൻ തോമസിനെതിരെ നടപടി എന്തിന്?', വിശദീകരണം തേടി കേന്ദ്രം