തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായതോടെ രജനികാന്തും എടപ്പാടി പളനിസ്വാമിയും നിർണായക നീക്കങ്ങൾ നടത്തുന്നു. ഡിഎംകെ നേതാവ് രജനികാന്തിനെ സന്ദർശിച്ചപ്പോൾ, എടപ്പാടി ഗവർണറെ കാണാൻ ഒരുങ്ങുകയാണ്. സ്റ്റാലിന്റെ തോൽവിയിൽ ഇപിഎസ് നിരാശനാണെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള ചർച്ചകൾ സജീവമാണ്
ചെന്നൈ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ തമിഴ്നാട് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കവെ നിർണായക നീക്കങ്ങൾക്കായി കളത്തിലിറങ്ങി രജനികാന്തും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. ഇന്നലെ സ്റ്റാലിന്‍റെ വീട്ടിലെത്തി തെരഞ്ഞെടുപ്പ് തോൽവിയിൽ ആശ്വസിപ്പിച്ച രജനി, ഇന്നും കളത്തിൽ സജീവമാണ്. ഇന്ന് ഉച്ചയോടെ മുതിർന്ന ഡി എം കെ നേതാവ് രജനിയുടെ വീട്ടിലെത്തി. മുൻ മന്ത്രി ഇ വി വേലുവാണ് പോയസ് ഗാർഡനിലെ വീട്ടിലെത്തി രജനിയെ കണ്ടത്. സ്റ്റാലിന്‍റെ വ്യക്തമായ സന്ദേശവുമായാണോ ഇദ്ദേഹം എത്തിയത് എന്നതാണ് അറിയാനുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് വിജയിനെ രജനി പരസ്യമായി എതിർത്തിരുന്നു. അതിനിടെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഗവർണറെ കാണാൻ തീരുമാനിച്ചതും അഭ്യൂഹങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വൈകിട്ട് ഗവർണറെ കാണുമെന്നാണ് എടപ്പാടി ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. ആദ്യം റിസോർട്ടിലുള്ള എം എൽ എമാരെ കാണുമെന്നും ശേഷമാകും ഗവർണറെ കാണുകയെന്നാണ് വ്യക്തമാകുന്നത്. ഇതിനായി ഇ പി എസ് പുതുച്ചേരിയിലെ റിസോർട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
സ്റ്റാലിന്റെ തോൽവിയിൽ നിരാശൻ
അതേസമയം സ്റ്റാലിന്റെ തോൽവിയിൽ ഇ പി എസ് നിരാശൻ ആയെന്നാണ് എ ഐ എ ഡി എം കെ വ്യക്തമാക്കുന്നത്. ഇക്കാര്യം പരസ്യമാക്കി എം എൽ എ അൻപഴകൻ രംഗത്തെത്തുകയും ചെയ്തു. ഇത്രയും വലിയ നേതാവ് എങ്ങനെ തോൽക്കുമെന്ന് ഇ പി എസ് ചോദിച്ചു. ഇങ്ങനെയൊന്നും സംഭവിക്കരുത് എന്ന് ഇ പി എസ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. തമിഴകത്ത് ടി വി കെയ്ക്ക് ബദലായി ഡി എം കെയും എ ഐ എ ഡി എം കെയും കൈകോർക്കുമോ എന്നതാണ് കണ്ടറിയാനുള്ളത്. എന്നാൽ ഡി എം കെ - എ ഐ എ ഡി എം കെ സർക്കാർ രൂപീകരണ വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് നേതൃത്വം പറയുന്നത്.
