ചെന്നൈ: വെള്ളം നൽകാമെന്ന കേരളത്തിന്‍റെ നിലപാട് സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പക്ഷേ 20 ലക്ഷം ലിറ്റർ വെള്ളം ഒരു ദിവസത്തേക്ക് ലഭിച്ചത് കൊണ്ട് പര്യാപ്തമാകില്ലെന്ന് എടപ്പാടി വ്യക്തമാക്കി. ഒരോ ദിവസവും ഇങ്ങനെ തന്നാൽ സഹായമാകുമെന്ന് പറഞ്ഞ പളനിസ്വാമി ഇക്കാര്യം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അറിയിച്ചു. 

ഇതോടൊപ്പം മുല്ലപ്പെരിയാറിൽ ജലം നിരപ്പ് ഉയർത്താനുള്ള അനുമതി കേരളം നൽകണമെന്നും എടപ്പാടി ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താൽ തമിഴ്നാട്ടിലെ സേലം രാമനാഥപുരം തുടങ്ങിയ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും എടപ്പാടി പറയുന്നു. ഇക്കാര്യവും മുഖ്യമന്ത്രി പിണറായി വിജയനയക്കുന്ന കത്തിൽ ഉൾപ്പെടുത്തുമെന്ന് എടപ്പാടി വ്യക്തമാക്കി. 

ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചത്. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്തത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.