ചെന്നൈ: കോറോണ വൈറസ് ബാധിത മേഖലയിൽ നിന്ന് രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനയിൽ നിന്ന് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ സന്ദേശം. വുഹാനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥി ശ്രീമാനും, ഗുവാൻഷുവിൽ നിന്ന് സഹായം തേടി ഹൈദരാബാദ് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഡെഫീൻ ജേക്കബുമാണ് സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാനിൽ കുടങ്ങിയിരിക്കുകയാണെന്നും ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചിട്ടില്ലെന്നും ശ്രീമാൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. മെഡിക്കൽ സംഘം അരിയും പാൽപ്പൊടിയും എത്തിച്ച് നൽകുന്നതല്ലാതെ അധികൃതർ ബന്ധപ്പെടുന്നില്ലെന്ന് ശ്രീമാൻ പരാതിപ്പെടുന്നു. എട്ട് ദിവസമായി പുറത്തെവിടെയും പോകാൻ സാധിച്ചിട്ടില്ലെന്ന് ശ്രീമാൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. ബസും, മെട്രോയും അടക്കം പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നും എല്ലാ കടകളും അടഞ്ഞ് കിടക്കുകയാണെന്നും പറയുന്ന ശ്രീമാൻ അടിയന്തരമായി ഇവിടെ നിന്ന് തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

ശ്രീമാന്‍റെ വീഡിയോ സന്ദേശം കാണാം: 

"

ചൈനയിൽ പലയിടത്തും മാസ്കുകൾക്കുൾപ്പെടെ ക്ഷാമമുണ്ടെന്നും, അവശ്യ വസ്തുക്കൾ കിട്ടാനില്ലെന്നും ഹൈദരാബാദ് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി ഡഫീൻ ജേക്കബിന്‍റെ സന്ദേശത്തിൽ പറയുന്നു. എപ്പോഴും തിരക്കുണ്ടായിരുന്നു നഗരം ഇപ്പോൾ വിജനമാണെന്നും സന്ദേശത്തിൽ പറയുന്നു. റൂമിൽ തന്നെ ഇരിക്കാൻ നിർബന്ധിക്കുകയാണെന്നും പുറത്തേക്ക് ഇറങ്ങുന്നതിനടക്കം കർശനമായ നിയന്ത്രണങ്ങളുണ്ടെന്നും ഡഫീൻ പറയുന്നു.  
 

ഡെഫിൻ ജേക്കബിന്‍റെ വീഡിയോ സന്ദേശം : 

"

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആളുകളെ ഒഴിപ്പിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണെന്നും ചൈന അറിയിച്ചു. ഇന്ത്യയെക്കൂടാതെ അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും വിമാനം തയ്യാറാക്കി കാത്തിരിക്കുകയാണ്. 

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വേണ്ടി ചർച്ചകൾ നടക്കുകയാണ്. വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാർക്ക് കൈമാറിയിട്ടുള്ളത്.

ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകൾ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മലയാളികളുമുണ്ട്. ഇവരിൽ നല്ല ഒരു പങ്കും വിദ്യാർത്ഥികളാണ്. ചൈനയിലേക്ക് പോകാൻ വേണ്ടി എയർഇന്ത്യ വിമാനം മുംബൈയിൽ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാൻ എപ്പോൾ കഴിയുമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.