ചെന്നൈ: ബ്രാഹ്മണ ഇതര പൂജാരിയെ ക്ഷേത്രത്തില്‍ നിയമിച്ച് തമിഴ്‌നാട്. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ബ്രാഹ്മണവിഭാഗത്തില്‍ നിന്ന് പുറത്തുനിന്നൊരാളെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കുന്നത്. 2018ലായിരുന്നു ആദ്യ നിയമനം. നിയമനത്തെ തുടര്‍ന്ന് പ്രതിഷേധവും കേസുമായി. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ നിയമനം. 

മധുരക്കടുത്തെ നാഗമലൈ ഗണപതി ക്ഷേത്രത്തിലാണ് 36 കാരനായ പി ത്യാഗരാജന്‍ എന്ന തന്ത്രിയെ സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാര്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ യോഗ്യത നേടിയത്. 13 വര്‍ഷമായി ജോലിക്ക് കാത്തിരിക്കുകയാണെന്നും 2007-08 കാലയളവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 203 പേര്‍ ജോലിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ബ്രാഹ്മണേതര വിഭാഗത്തിലുള്ളവരാണ്. 

തിരുച്ചെന്ദൂരിന് സമീപത്തെ പള്ളപ്പതുവില്‍ ജി ബാലഗുരു  എന്ന ദലിത് പൂജാരിയെ നിയമിച്ചിരുന്നു. തന്നെ മറ്റ് സമുദായക്കാര്‍ പരിപാടികള്‍ക്കൊന്നും ക്ഷണിക്കാറില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ആളുകളുടെ സമീപനത്തില്‍ ഗുണപരമായ മാറ്റമുണ്ടെന്നും ബാലഗുരു പറഞ്ഞു. 2018 ഓഗസ്റ്റിലാണ് തള്ളക്കുളത്തെ അയ്യപ്പ ക്ഷേത്രത്തില്‍ ബ്രാഹ്മണ ഇതര പൂജാരിയെ സര്‍ക്കാര്‍ ആദ്യമായി നിയമിച്ചത്. തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലെ അര്‍ച്ചകാസ് ട്രെയിനിംഗ് കേന്ദ്രത്തിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.