ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി. ഒരു ഡോക്ടർ ഉള്‍പ്പടെ 96 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 27 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായിട്ടുണ്ട്. അതേസമയം വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ച 84പേർക്കും നിസാമുദ്ദീനിൽ നിന്ന് വന്നവരുമായി ബന്ധമുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ബാക്കിയുള്ള 12 പേരിൽ മൂന്ന് പേർ മൂന്ന് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തവരാണ്. ബാക്കിയുള്ള ഒൻപത് പേരിൽ ഒരാൾ ഡോക്ടറാണ്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കൂടുതൽ രോഗബാധിതർ ഉള്ളത്.  ഡോക്ടര്‍മാര്‍ക്കും ടെക്നിക്കല്‍ ജീവനകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെയും ആകെ എണ്ണം 763 ആയി. രോഗം വൻതോതിൽ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടി. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ 3500 വാഹനങ്ങള്‍ സജ്ജീകരിച്ചു. 

ചൈനയിൽ നിന്നും റാപിഡ് ടെസ്റ്റിങ് കിറ്റുകൾ ഇന്ന് സംസ്ഥാനത്തെത്തും. രോഗം വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഈ റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തും. പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.

വില്ലുപുരം ആശുപ്ത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് ബാധിതനായ ദില്ലി സ്വദേശിയെക്കുറിച്ച് ഒരു വിവരവും ഇല്ല. ഇയാള്‍ ചെന്നൈയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ തിരച്ചില്‍ ശക്തമാക്കി.പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതുകൊണ്ട് സംഭവിച്ച വീഴ്ചയെന്നാണ് അധികൃതരുടെ വിശദീകരണം.