ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‍കാരം തടഞ്ഞാല്‍ ഇനിമുതല്‍ കടുത്ത നടപടിയുണ്ടാവും. തമിഴ്‍നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കി. ശവസംസ്‍കാരം തടഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുകയും പിഴ ഒടുക്കുകയും ചെയ്യണം. ചെന്നൈയില്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമണിന്‍റെ മൃതദേഹം ആദരവുകളോട് അടക്കം ചെയ്യാന്‍ കഴിയാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

കൊവിഡ് ബാധിതനെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന സൈമണിന്‍റെ മൃതദേഹം മറവ് ചെയ്യുന്നതിനായി ഒരു രാത്രി മുഴുവനാണ് സെമിത്തേരികളിലൂടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അലഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഡോക്ടറുടെ മൃതദേഹം പുറത്തെടുത്ത് ആദരവോടെ കുടുംബ സെമിത്തേരിയില്‍ സംസ്കരിക്കണമെന്ന ആവശ്യം വിദഗ്ധ സമിതി ഇന്നലെ തള്ളിയിരുന്നു. ഡോക്ടര്‍ സൈമണിന്‍റെ മൃതദേഹം വീണ്ടും പുറത്തെടുക്കുന്നത് അനാരോഗ്യകരമായ പ്രവണതെയന്ന്  വിദഗ്ധ സമിതി വിലയിരുത്തി.