ബെംഗളൂരു:  പട്ടാപ്പകൽ ടാക്സി ഡ്രൈവര്‍ ആക്രമിച്ചതായി യുവതി പരാതി നൽകി. ബെംഗളൂരുവില്‍ ബെലന്ദൂരിൽ താമസിക്കുന്ന യുവതിയാണ് സ്വകാര്യ ടാക്സി ഡ്രൈവര്‍ തന്നെ ക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി നൽകിയത്.

ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെ സ്കൂട്ടറിൽ ബെലന്ദൂർ തടാകത്തിനു സമീപമെത്താറായപ്പോൾ പിന്നിൽ നിന്ന് ഒരു ടാക്സി സ്കൂട്ടറിനെ ഇടിച്ചതിനെ തുടർന്ന് നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി വന്ന ടാക്സി ഡ്രൈവര്‍ തന്നോട് വാക്കേറ്റം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു. എതിർക്കാൻ ശ്രമിച്ചപ്പോള്‍ തന്‍റെ കഴുത്തു ഞെരിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.

Read More: ശല്യം ചെയ്ത യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി

വഴിയാത്രക്കാരിൽ ചിലരോട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ആളുകൾ തങ്ങളെ സമീപിക്കാൻ തുടങ്ങിയപ്പോൾ ടാക്സി ഡ്രൈവര്‍ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പരാതിക്കാരിയായ യുവതി നൽകിയ ടാക്സിയുടെ രജിസ്ട്രേഷൻ നമ്പർ ആർടിഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നും സംഭവത്തിൽ കേസെടുത്ത ബെലന്ദൂർ പൊലീസ് പറഞ്ഞു.