2025-ൽ ഇന്ത്യൻ റെയിൽവേ 122 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. യാത്ര കൂടുതൽ സുഖകരമാക്കാൻ നിലവിലുള്ള സർവീസുകൾ ദീർഘിപ്പിക്കുകയും 549 ട്രെയിനുകളുടെ വേഗത വർധിപ്പിക്കുകയും ചെയ്തു.

ദില്ലി: 2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം സർവീസുകൾ വേഗത്തിലാക്കുകയും ചെയ്തു. ഇത് ട്രെയിൻ യാത്രകളിലെ തിരക്ക് ലഘൂകരിക്കാനും യാത്ര കൂടുതൽ സുഖകരമാക്കി മാറ്റാനും സഹായിച്ചുവെന്നാണ് വിലയിരുത്തൽ. 

സെൻട്രൽ റെയിൽവേ മേഖലയിൽ 4 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 6 ട്രെയിനുകൾ നീട്ടിയപ്പോൾ 30 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 4 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 4 ട്രെയിനുകൾ നീട്ടി. 3 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് സെൻട്രൽ റെയിൽവേ 20 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു, 20 ട്രെയിനുകൾ നീട്ടി, 12 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റേൺ റെയിൽവേയാകട്ടെ 6 പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയും 4 ട്രെയിനുകൾ നീട്ടുകയും 32 ട്രെയിനുകൾ വേഗത്തിലാക്കുകയും ചെയ്തു.

നോർത്ത് സെൻട്രൽ റെയിൽവേ 2 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. 4 ട്രെയിനുകൾ നീട്ടി. 2 ട്രെയിനുകളുടെ ഫ്രീക്വൻസിയും 1 ട്രെയിനിന്റെ വേഗതയം വർദ്ധിപ്പിച്ചു. നോർത്ത് ഈസ്റ്റേൺ റെയിൽവേ 8 പുതിയ ട്രെയിനുകൾ കൂട്ടിച്ചേർത്തു. 4 എണ്ണം നീട്ടി, 2 എണ്ണത്തിന്റെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു. 12 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ റെയിൽവേ 10 പുതിയ ട്രെയിനുകളാണ് ട്രാക്കിലെത്തിച്ചത്. 36 എണ്ണത്തിന്റെ വേഗം കൂട്ടുകയും ചെയ്തു. നോർത്തേൺ റെയിൽവേ 20 പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയും 10 എണ്ണം നീട്ടുകയും ചെയ്തു. 24 ട്രെയിനുകളുടെ വേഗതയാണ് വർദ്ധിപ്പിച്ചത്. അതേസമയം നോർത്ത് വെസ്റ്റേൺ റെയിൽവേ 12 പുതിയ ട്രെയിനുകൾ കൂട്ടിച്ചേർത്തു. 6 എണ്ണം നീട്ടി. 2 ട്രെയിനുകളുടെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു., മാത്രമല്ല, 89 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചെയ്തു.

അതേസമയം, ദക്ഷിണ റെയിൽവേ 6 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 4 എണ്ണം നീട്ടി. 2 എണ്ണം സൂപ്പർഫാസ്റ്റാക്കി മാറ്റുകയും 75 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തു. ദക്ഷിണ പശ്ചിമ റെയിൽവേ 8 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. 6 എണ്ണം നീട്ടി, 8 എണ്ണം സൂപ്പർഫാസ്റ്റാക്കി മാറ്റി, 117 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തു. റെയിൽവേയുടെ എല്ലാ സോണുകളിലും വെച്ച് ഏറ്റവും ഉയർന്ന കണക്കുകളാണിത്.

2025ൽ വെസ്റ്റ് സെൻട്രൽ റെയിൽവേ 8 പുതിയ ട്രെയിനുകൾ പുറത്തിറക്കിയിട്ടുണ്ട്. 27 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ചു. വെസ്റ്റേൺ റെയിൽവേയാകട്ടെ 10 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 10 എണ്ണം നീട്ടി, 2 എണ്ണത്തിന്റെ ഫ്രീക്വൻസി കൂട്ടി. 80 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ചു. ഈ കണക്കുകൾ പ്രകാരം ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം 122 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. ‌86 ട്രെയിനുകൾ നീട്ടി, 8 എണ്ണത്തിന്റെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു. 10 ട്രെയിനുകൾ സൂപ്പർഫാസ്റ്റാക്കി മാറ്റുകയും 549 ട്രെയിനുകൾ വേഗത്തിലാക്കുകയും ചെയ്തു. 122 പുതിയ ട്രെയിനുകളിൽ പ്രീമിയം, എക്സ്പ്രസ്, പാസഞ്ചർ സർവീസുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. സെമി-ഹൈ-സ്പീഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി 28 വന്ദേ ഭാരത് ട്രെയിനുകൾ കൂടി ചേർത്തുവെന്നതാണ് സവിശേഷത.