ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി. നിർത്തിയിട്ടിരുന്ന ടാക്സിയിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നുകളഞ്ഞത്. സ്വകാര്യ ടാക്സി ഡ്രൈവറാ‌യ ചേതനാണ് പൊലീസിൽ പരാതി നൽകിയത്.

ബംഗളൂരുവിലെ നന്ദിനി ലേ ഔട്ടിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്ന് ചേതൻ പരാതിയിൽ പറഞ്ഞു. രാത്രി രണ്ടു മണിയോടെയാണ് കാറിന്റെ വാതിൽ തുറക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേർ എത്തിയത്. ഉടനെ വാതിൽ ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും അബദ്ധത്തിൽ തുറന്നു പോവുകയായിരുന്നു. തുടർന്ന് അക്രമി സംഘം തന്നെ വലിച്ചിഴച്ച് പുറത്തിടുകയും മരത്തടികൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ കൈയിലുള്ള മൊബൈൽഫോണും 22,000 രൂപയും തട്ടിയെടുത്തതായും ചേതൻ  കൂട്ടിച്ചേർത്തു.

‌‌എതിർക്കാൻ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭയത്താൽ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയതെന്നും ചേതൻ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നും നന്ദിനി ലേ ഔട്ട് പൊലീസ് വ്യക്തമാക്കി.