ആന്ധ്രാപ്രദേശ് നിയമസഭയിൽ നാടകീയ പ്രതിഷേധം; പ്ലക്കാർഡുകളുമായി സ്പീക്കറുടെ പോഡിയത്തിന് മുകളിൽ കയറി
സ്പീക്കറുടെ പോഡിയത്തിന് മുകളിൽ പ്ലക്കാർഡുകളുമായി കയറി പ്രതിഷേധിച്ച രണ്ട് ടിഡിപി എംഎൽഎമാരെ ഈ സഭാ സമ്മേളന കാലയളവ് മുഴുവൻ സ്പീക്കർ സസ്പെൻഡ് ചെയ്തു.

ബംഗ്ലൂരു: മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ നാടകീയ പ്രതിഷേധം. പ്രതിഷേധവുമായി ടിഡിപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. നായിഡുവിന്റെ അറസ്റ്റ് ജഗൻ മോഹൻ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സ്പീക്കറുടെ പോഡിയത്തിന് മുകളിൽ പ്ലക്കാർഡുകളുമായി കയറി പ്രതിഷേധിച്ച രണ്ട് ടിഡിപി എംഎൽഎമാരെ ഈ സഭാ സമ്മേളന കാലയളവ് മുഴുവൻ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഇതിനിടെ ഹിന്ദുപൂർ എംഎൽഎയും തെലുഗു സൂപ്പർതാരവുമായ ബാലകൃഷ്ണ സഭയിൽ വിസിൽ മുഴക്കി പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. ബാലകൃഷ്ണയുടെ സഹോദരിയാണ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി. ഇന്നലെയാണ് നായിഡുവിന്റെ ജാമ്യഹർജി ആന്ധ്ര ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.