ദില്ലി: ചായവിറ്റ് ഉപജീവനം നടത്തിയിരുന്ന അവ്താര്‍ സിങ് എന്ന ബിജെപി പ്രവര്‍ത്തകന്‍ ഇനി നോര്‍ത്ത് ദില്ലി മേയര്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് സിഖുകാരന്‍ കൂടിയാണ് അവ്താര്‍ സിങ്.

നോര്‍ത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഐകകണ്ഠേനയാണ് അവ്താര്‍ സിങ്ങിനെ മേയറായി തെര‍ഞ്ഞെടുത്തത്. ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയാണ് അവ്താര്‍ സിങ്ങിനെ നാമനിര്‍ദേശം ചെയ്തത്. അവ്താര്‍ സിങ്ങ് വളരെ കഠിനാധ്വാനിയായ ബിജെപി പ്രവര്‍ത്തകനാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അവ്താര്‍ സിങ്ങിനെ അഭിനന്ദിച്ചു. ഒരു വര്‍ഷത്തേക്കാണ് അവ്താര്‍ സിങ് മേയറായിരിക്കുക. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മേയര്‍മാരെയാണ് നോര്‍ത്ത് ദില്ലി കോര്‍പ്പറേഷനില്‍ തെരഞ്ഞെടുത്തത്.  ദളിത് വിഭാഗത്തിന് സംവരണം ചെയ്തത് എന്ന നിലയിലാണ് മൂന്നാം ടേമില്‍ അവ്താര്‍ സിങ്ങിന് നറുക്ക് വീണത്.