ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ വധുമാരെ അണിയിച്ചൊരുക്കാന്‍ സ്കൂള്‍ അധ്യാപകരെ നിയോഗിച്ചത് വിവാദമായി. സിദ്ധാര്‍ത്ഥ്നഗറില്‍ നടക്കുന്ന സമൂഹ വിവാഹത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. 

മുഖ്യമന്ത്രിയുടെ പേരിലുള്ള പദ്ധതി പ്രകാരമാണ് സമൂഹ വിവാഹം നടക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിന്‍റെ മേല്‍നോട്ടത്തിലാണ് ചടങ്ങ് നടത്തുന്നത്. വധുമാരെ അണിയിച്ചൊരുക്കുന്നതിനായി 20 അധ്യാപികമാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയത്. ചടങ്ങിന് ഒമ്പത് മണിക്ക് എത്താനും അധ്യാപികമാര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ ബ്ലോക്ക് ഓഫിസര്‍ ധ്രുവ് പ്രസാദാണ് ഉത്തരവ് നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ ഉത്തരവ് വൈറലായതോടെ ജില്ലാ വിദ്യാഭ്യസ ഓഫിസര്‍ പിന്‍വലിപ്പിച്ചു. ബ്ലോക്ക് ഓഫിസര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ 15 മിനിറ്റ് യോഗ നിര്‍ബന്ധമാക്കിയതും വിവാദമായിരുന്നു. 

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ അധ്യാപകരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നത് മുമ്പും വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലകളിലെ അധ്യാപകരുടെ ഹാജര്‍നില 87 ശതമാനവും കുട്ടികളുടേത് 59 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരോഗ്യം, കണക്കെടുപ്പ്, തെരഞ്ഞെടുപ്പ് ജോലികള്‍ക്കാണ് അധ്യാപകരെ നിയോഗിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.